Kerala
കൊച്ചി: തൊടുപുഴയില്‍ ബൈക്ക് യാത്രികനായ യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാരിന് എല്ലാ വകുപ്പുകളുടെ പ്രവർത്തനത്തെക്കുറിച്ചും അറിവ് ഉണ്ടാകണമെന്ന് ഹൈക്കോടതി അറിയിച്ചു.
കുഴിയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു, പരസ്പരം കുറ്റപെടുത്തുകയല്ല വേണ്ടത്. അപകടമുണ്ടായ ശേഷം വകുപ്പുകളെ പഴിചാരിയിട്ട് കാര്യമില്ല. 27 വയസുകാരനാണ് ജീവൻ നഷ്ടമായത്. ആർക്കും ഒരു വേദനയും തോന്നുന്നില്ലേയെന്നും കോടതി ചോദിച്ചു.
അപകടത്തിന്റെ യഥാർഥ വസ്തുത എന്താണെന്ന് പരിശോധിക്കാനും കോടതി സർക്കാരിന് നിർദേശം നല്‍കിയിട്ടുണ്ട്. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് കലുങ്ക് നിർമാണത്തിന് റോഡരികിലെടുത്ത കുഴിയിൽ വീണ് മരിച്ചത്.
പൊതുമരാമത്ത് വകുപ്പ് കലുങ്കിനായി നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ ഒരു മാസത്തിലേറെയായി കുഴി അപകടാവസ്ഥയിൽ തുടരുകയായിരുന്നു. കുഴി മൂടണമെന്ന് നാട്ടുകാര്‍ പലകുറി ആവശ്യപ്പെട്ടിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മാര്‍ച്ച് 31നുള്ളിൽ അന്തിമ റിപ്പോര്‍ട്ട് സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ. സ്വര്‍ണപ്പാളി സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ജംഷഡ്പൂരിലെ ലാബിൽ നടക്കും.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സ്വര്‍ണപ്പാളികളുടെ 36 സാമ്പിളുകളാണ് പരിശോധനയ്ക്കായി എസ്ഐടി ശേഖരിച്ചത്. സൗജന്യമായി പരിശോധന നടത്താമെന്ന് ലാബ് അറിയിച്ചതായും എസ്ഐടി കോടതിയിൽ വ്യക്തമാക്കി.
ജംഷഡ്പൂരിലെ നാഷണൽ മെറ്റലര്‍ജിക്കൽ ലബോറട്ടറിയിലായിരിക്കും വിശദമായ ശാസ്ത്രീയ പരിശോധന നടക്കുക. അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽ മോചിതനായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഉത്തരവിൽ എസ്ഐടിക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്.
കേസിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന് ജാമ്യ ഉത്തരവിൽ പറയുന്നു. ഇതുകൂടാതെ രണ്ട് കേസുകളിലും തന്ത്രിയുടെ പങ്കിന് തെളിവുകളില്ലെന്നും ശ്രീകോവിലിന് പുറത്തുള്ള വസ്തുക്കളിൽ തന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും ജാമ്യ ഉത്തരവിൽ വ്യക്തമാക്കുന്നു. ബുധനാഴ്ചയാണ് തന്ത്രി ജാമ്യം നേടി ജയിൽ മോചിതനായത്.
Kerala
കൊച്ചി: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരത്തിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ ഉടന്‍ നീക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ആറ്റുകാല്‍ അമ്മ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നുണ്ടോയെന്ന് ചോദിച്ച കോടതി സ്പോണ്‍സര്‍മാരുടെ മുഖങ്ങള്‍ കാണാനാണ് ബോര്‍ഡുകള്‍ വയ്ക്കുന്നതെന്നും പറഞ്ഞു. അനധികൃത ഫ്ലക്സ് ബോര്‍ഡുകളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
അതേസമയം ആറ്റുകാൽ പൊങ്കാലയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊങ്കാല ദിവസം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർധ സർക്കാർ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: നവകേരളം സർവേയ്ക്കെതിരേയുള്ള ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സ്പെഷൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്തു. അഡ്വക്കറ്റ് ജനറലിന്റെ ഉപദേശമനുസരിച്ചാണിത്.
കഴിഞ്ഞ 10 വർഷത്തെ ഭരണനേട്ടങ്ങൾ ജനങ്ങൾ എങ്ങനെ വിലയിരുത്തുന്നുവെന്ന് കണ്ടെത്താനാണ് നവകേരളം സർവേ നടത്താൻ തീരുമാനിച്ചത്.
20 കോടിയാണ് ചെലവ് വകയിരുത്തിയത്. എന്നാൽ ഇത് സർക്കാർ നടപടി ചട്ടങ്ങൾ പാലിക്കാതെയാണെന്ന വിലയിരുത്തലിലാണ് കോടതി ഇടപെട്ട് റദ്ദാക്കിയത്.
ചെലവായ തുക സർക്കാർ ഫണ്ടിലേക്ക് മടക്കിനൽകാനും നിർദേശിച്ചു. 20 കോടിയാണ് വകയിരുത്തിയതെങ്കിലും ഇതുവരെ എത്രയാണ് ചെലവ് എന്ന് വിലയിരുത്തിയിട്ടില്ല.
Kerala
കൊച്ചി: പൊതു ഖജനാവില്‍നിന്ന് 20 കോടി ചെലവിട്ടു സര്‍ക്കാര്‍ നടത്തുന്ന നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി. 2025 ഒക്ടോബര്‍ പത്തിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലെയും അനുബന്ധ ഉത്തരവുകളിലെയും തുടര്‍നടപടികളും കോടതി റദ്ദാക്കി.
സര്‍വേയ്ക്കുള്ള നടപടിക്രമങ്ങളും തുക വിനിയോഗവും റൂള്‍സ് ഓഫ് ബിസിനസിനും ബജറ്റ് മാന്വലിനും വിരുദ്ധമാണെന്നു വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നടപടി.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, ഓടക്കാലി സ്വദേശി എം.എച്ച്. മുബാസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികൾ അനുവദിച്ചാണ് ഉത്തരവ്.
രാഷ്ട്രീയലക്ഷ്യത്തോടെയുള്ള സര്‍വേയാണെന്നും പാര്‍ട്ടി ആഹ്വാനപ്രകാരമാണ് സര്‍ക്കാര്‍ ഇതു നടപ്പാക്കിയതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. സര്‍ക്കാര്‍ ഉത്തരവും മന്ത്രിസഭാ തീരുമാനവും വരുന്നതിനുമുമ്പ്, സര്‍വേയ്ക്ക് വോളന്റിയര്‍മാരാകാന്‍ നിര്‍ദേശിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പാര്‍ട്ടി ഘടകങ്ങള്‍ക്കു സര്‍ക്കുലര്‍ നല്‍കിയത് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിക്കാരുടെ ആരോപണങ്ങള്‍ തള്ളിക്കളയാനാകില്ലെന്ന് കോടതി പറഞ്ഞു.
ജനുവരി ഒന്നിനു തുടങ്ങിയ സര്‍വേ ഈ മാസം 28 വരെയാണു നിശ്ചയിച്ചിരുന്നത്.
സ്പെഷൽ പിആര്‍ കാമ്പയിന് എന്ന പേരില്‍ ഇത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ഏല്‍പ്പിച്ച് 20 കോടി അനുവദിച്ചത് കുറുക്കുവഴിയാണ്. ബജറ്റില്‍ ഉള്‍പ്പെടുത്താതെ അധിക പദ്ധതിവിഹിതം ചെലവിടുന്നതിന് മാന്വല്‍ പ്രകാരം ഇതു ഡിമാന്‍ഡ് ഓഫ് ഗ്രാന്റ്സായി അവതരിപ്പിച്ച നിയമസഭയുടെ മുന്‍കൂര്‍ അനുമതി വേണം. ബില്ലുകള്‍ക്ക് അംഗീകാരവും നേടണം- തുക ചെലവിട്ടശേഷം അംഗീകാരം നേടിയാല്‍ മതിയെന്ന സര്‍ക്കാര്‍ വാദം തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
പ്രളയത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ ദുരന്തനിവാരണ കര്‍മസേനയെ തെരഞ്ഞെടുക്കുന്നതിന് സജ്ജമാക്കിയ പോര്‍ട്ടല്‍ വഴിയാണു വോളന്റിയര്‍മാരെ തെരഞ്ഞെടുത്തത്. കര്‍മസേന എന്നത് ഏതെങ്കിലും സര്‍വേ ലക്ഷ്യമിട്ടുള്ള സംവിധാനമല്ലെന്നും കോടതി പറഞ്ഞു. സര്‍വേയുടെ നോഡല്‍ ഓഫീസായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് തെരഞ്ഞെടുത്തത് റൂള്‍സ് ഓഫ് ബിസിനസിന്റെ ലംഘനമാണ്.
ഈ ചട്ടമനുസരിച്ച് പ്ലാനിംഗ്, സര്‍വേ നടപടികള്‍ പ്ലാനിംഗ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പിന്റെയും നവകേരള കര്‍മപദ്ധതികളുടെ മേല്‍നോട്ടം പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ആന്‍ഡ് ഇവാല്വേഷന്‍ വകുപ്പിന്റെയും ചുമതലയാണെന്ന് കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: നടി ഹണി റോസിന് ജിഎസ്ടി വകുപ്പ് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. വിവിധ വര്‍ഷങ്ങളിലെ നികുതിരേഖ ഒരുമിച്ച് ആവശ്യപ്പെട്ടു നല്കിയ നോട്ടീസ് ജിഎസ്ടി ആക്ടിന് വിരുദ്ധമാണെന്നു വ്യക്തമാക്കിയാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്.
ഓരോ അസസ്മെന്റെ വര്‍ഷത്തെയും നികുതിരേഖ പ്രത്യേകമായാണ് ആവശ്യപ്പെടേണ്ടതെന്നു കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഹര്‍ജിക്കാരിക്ക് പുതിയ നോട്ടീസ് നിയമപരമായി നല്കാന് അധികൃതര്‍ക്ക് തടസമില്ലെന്നും വ്യക്തമാക്കി.
അഭിനയത്തിലൂടെ നേടിയ തുകയ്ക്ക് നികുതി അടച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹണി റോസിന് ജിഎസ്ടി വകുപ്പ് നോട്ടീസ് അയച്ചത്.
Kerala
കൊച്ചി: സംസ്ഥാനത്ത് പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ്വേര്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ടെൻഡര്‍ നടപടികള്‍ സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ടെൻഡറില്‍ പങ്കെടുത്ത മലബാര്‍ ഐടി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും മറ്റും സമര്‍പ്പിച്ച ഹര്‍ജിയാണു ജസ്റ്റീസ് സിയാദ് റഹ്മാന് പരിഗണിച്ചത്.
ഏകീകൃത സോഫ്റ്റ്വേറിന് 231. 72 കോടിയുടെ ടെൻഡര്‍ നല്കിയ സ്ഥാപനത്തിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനു ലേലത്തിന്റെ തുടര്‍ നടപടികളില്‍ പങ്കെടുക്കുന്നതിന് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ലെന്നു പരാതിപ്പെട്ടായിരുന്നു ഹര്‍ജി.
ലേലത്തില്‍ പങ്കെടുത്ത ദിനേശ് ടെക്നോളജീസിന്റെ കണ്‍സോര്‍ഷ്യത്തിന് സര്‍ക്കാര്‍ അനാവശ്യ സഹായങ്ങള്‍ നല്‍കുന്നുവെന്നും അവര്‍ നല്കിയ 49.90 കോടിയുടെ ടെൻഡര്‍ സ്വീകരിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനും സഹകരണ രജിസ്ട്രാര്‍ക്കും നിര്‍ദേശം നല്കി.
Kerala
കൊച്ചി: മൂന്ന് സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സുരക്ഷാ പരിശോധന രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറോടാണു കോടതി നിർദേശിച്ചത്.
തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നു ചാടിപ്പോയ, മാനസിക വെല്ലുവിളി നേരിടുന്ന നേപ്പാള്‍ സ്വദേശി മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഇടപെടല്‍.
തൃശൂര്‍ സംഭവത്തില്‍ കോടതി സ്വമേധയാ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ മേഖലയില്‍ സുരക്ഷാ ഓഡിറ്റിംഗ് നടത്തിയിട്ട് നാളുകളായെന്നാണ് അമിക്കസ് ക്യൂറി അറിയിച്ചത്.
ഡോക്ടര്‍മാരും നഴ്സുമാരുമടക്കം എത്രത്തോളം സുരക്ഷിതരാണെന്നും സെക്യൂരിറ്റി ജീവനക്കാര്‍ എത്രത്തോളമുണ്ടെന്നും അറിയിക്കണം. മാനസികാരോഗ്യകേന്ദ്രങ്ങളില്‍ സുരക്ഷാവിന്യാസം ഒരുക്കാന്‍ അതത് പോലീസ് കമ്മീഷണര്‍മാര്‍ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നവര്‍ക്ക് കേന്ദ്ര ഏജന്‍സിയില്‍ മാത്രം വിശ്വാസം തോന്നാന്‍ കാരണമെന്തെന്ന ചോദ്യവുമായി ഹൈക്കോടതി. സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്തിനാണ്.
കേസ് നിലവില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘവും വിജിലന്‍സുമാണ് അന്വേഷിക്കുന്നതെന്ന് കോടതി പറഞ്ഞു.
രാജ്യാന്തര ബന്ധങ്ങളടക്കം സംശയിക്കുന്നതിനാല്‍ സിബിഐ അന്വേഷിക്കണമെന്ന് ഹര്‍ജിക്കാരായ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, വിശ്വഹിന്ദു പരിഷത്ത്, തന്ത്രി സമാജം തുടങ്ങിയവര്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കേന്ദ്ര ഏജന്‍സിയുമായി ബന്ധപ്പെട്ട് ദേവസ്വം ബെഞ്ച് ചോദ്യമുന്നയിച്ചത്.
നിലവിലെ സാഹചര്യത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം കാര്യക്ഷമമാകില്ലെന്നാണു ഹർജികളിലെ ആരോപണം. ശബരിമലയിലെ സ്വര്‍ണം വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്നും അവിടങ്ങളിലെ ആളുകള്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതിനാല്‍ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം മതിയാകില്ലെന്നുമാണ് ഹര്‍ജിയിലെ വാദം.
സിബിഐ മികച്ച അന്വേഷണം നടത്തിയ ഇത്തരം കേസുകളില്‍ ചിലതു ചൂണ്ടിക്കാട്ടാനാകുമോ. സിബിഐയെ മഹത്തരമായി കാണുന്നുണ്ടെങ്കില്‍ തിരിച്ചും ചിന്തിച്ചുകൂടെയെന്നും ജസ്റ്റീസുമാരായ എ. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ചോദിച്ചു. തുടര്‍ന്ന് ഹര്‍ജി വീണ്ടും ഒന്നിച്ചു പരിഗണിക്കാനായി മാര്‍ച്ച് 13ലേക്കു മാറ്റി.
കേസില്‍ കക്ഷിചേരാനായി മാധ്യമപ്രവര്ത്തകന് എം.ആര്. അജയന് സമര്‍പ്പിച്ച ഹര്‍ജി പരിഗണനാര്‍ഹമല്ലെന്നു വിലയിരുത്തി കോടതി തള്ളി. അഭിഭാഷകന് ഹാജരാകാതിരുന്നതിന്റെ പേരില്‍ ഹര്ജിക്കാരന് ഹൈക്കോടതി നേരത്തേ പിഴ ചുമത്തിയിരുന്നു.
Kerala
കൊച്ചി: സ്കൂൾ അച്ചടക്കത്തിന്റെയും കുട്ടികളെ തിരുത്തലിന്റെയും ഭാഗമായി അധ്യാപകൻ ചൂരൽ പ്രയോഗം നടത്തുന്നതിൽ തെറ്റില്ലെന്ന നിലപാട് ആവർത്തിച്ചു ഹൈക്കോടതി. അച്ചടക്കം ഉറപ്പാക്കാനും കുട്ടികളുടെ തെറ്റ് തിരുത്താനുമുള്ള അധികാരം അധ്യാപകർക്കുണ്ടെന്ന് കോടതി വ്യക്തമാക്കി.
ചൂരൽ പ്രയോഗത്തിന്റെ പേരിൽ തിരുവനന്തപുരം വെങ്ങാനൂരിലെ സ്കൂൾ അധ്യാപകനെതിരേ പോലീസ് ചുമത്തിയ കേസിലെ തുടർനടപടികൾ റദ്ദാക്കിയാണു ജസ്റ്റീസ് സി. പ്രദീപ്കുമാർ നിലപാട് ആവർത്തിച്ചത്.
കഴിഞ്ഞ ഒക്ടോബറിൽ സമാനമായ കേസിൽ മറ്റൊരു അധ്യാപകനെതിരേയുള്ള കേസ് റദ്ദാക്കി കോടതി ചൂരൽ പ്രയോഗത്തെ അനുകൂലിച്ചിരുന്നു. കുട്ടികളെ സ്കൂളിൽ ചേർത്ത് അധ്യാപകരുടെ ശിക്ഷണത്തിലേക്കു വിടുമ്പോൾ ഈ അധികാരങ്ങളും അധ്യാപകർക്ക് രക്ഷിതാക്കൾ കൈമാറുന്നുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സമാനമായ പരാമർശം കഴിഞ്ഞദിവസത്തെ കേസിലും കോടതി ആവർത്തിച്ചു.
2025 ഫെബ്രുവരി പത്തിന് ഉച്ചയ്ക്ക് 12.30ന് സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി ചൂരൽകൊണ്ട് അടിച്ചെന്നായിരുന്നു വിദ്യാർഥിയുടെ പരാതി. എന്നാൽ മൂന്നു ദിവസത്തിനുശേഷമാണ് പരാതി നൽകിയതെന്നും ഡോക്ടറെ കാണിച്ചപ്പോൾ മുറിവുകളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
കുട്ടികളുടെ കാര്യത്തിൽ അച്ചടക്ക നടപടിയെടുക്കാൻ രക്ഷിതാക്കൾ അധ്യാപകർക്ക് അനുമതി നൽകുന്നതായി കണക്കാക്കണം. അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകൻ നൽകിയ ചെറിയ ശിക്ഷയിൽ ദുരുദ്ദേശ്യമില്ലെന്നു വിലയിരുത്തിയാണ് കേസ് റദ്ദാക്കിയത്.
Kerala
കൊച്ചി: കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാൻ സുപ്രീംകോടതി കൊളീജിയം രാഷ്ട്രപതിക്കു ശിപാര്‍ശ നല്കി.
ജസ്റ്റീസുമാരായ എം.എ. അബ്ദുള്‍ ഹക്കിം, വി.എം. ശ്യാംകുമാര്‍, ഹരിശങ്കര്‍ വി. മേനോന്, എസ്. മനു, എസ്. ഈശ്വരന്, പി.എം. മനോജ്, എം.ബി. സ്നേഹലത എന്നിവരാണ് സുപ്രീംകോടതി കൊളീജിയത്തിന്റെ ശിപാര്‍ശപ്രകാരം സ്ഥിരം ജഡ്ജിമാരാകുന്നവര്.
Kerala
കൊച്ചി: കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍മാരുടെ ആര്‍ത്തവ അവധി ഗൗരവമുള്ള വിഷയമെന്നു ഹൈക്കോടതി. കെഎസ്ആര്‍ടിസിയില്‍ ആര്‍ത്തവ അവധി നയം രൂപീകരിക്കാനാകുമോയെന്ന കാര്യത്തില്‍ ജസ്റ്റീസ് എന്‍. നഗരേഷ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി.
കെഎസ്എസ്ആറില്‍ ഇത്തരം വ്യവസ്ഥയില്ലെന്നും അവധി അനുവദിക്കാനാകില്ലെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
എന്നാല്‍, ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി നയം സംസ്ഥാനത്തു പരിഗണിക്കാമോയെന്നതില് നിലപാട് അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കെഎസ്ആര്‍ടിസി ഇരട്ട ഡ്യൂട്ടി സമ്പ്രദായം പിന്തുടരുന്നുണ്ടെന്നും കണ്ടക്ടര്‍മാര്‍ പ്രതിദിനം 14 മുതല്‍ 16 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിവരുന്നുവെന്നുമാണ് വനിതാ കണ്ടക്ടര്‍മാരായ ഹര്‍ജിക്കാരുടെ അഭിഭാഷകന് വാദിച്ചത്.
അതിനാല്‍ വനിതാ കണ്ടക്ടര്‍മാര്‍ക്ക് രണ്ടു ദിവസത്തെ ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി അനുവദിക്കണമെന്നായിരുന്നു ആവശ്യം.
Kerala
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. രണ്ടും മൂന്നും കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ച രാഹുലിന് ആദ്യ കേസിലെ വിധി നിർണായകമാണ്.
പ്രതിക്ക് മുൻകൂർ ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ വാദം. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ചൂഷണം ചെയ്തെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും നിരവധി പെൺകുട്ടികളെ സമാന രീതിയിൽ പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. എന്നാൽ യുവതിയുടെ മൊഴി പരിശോധിക്കുമ്പോൾ ബലാത്സംഗം നടന്നതായി കണക്കാക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
വിവാഹിതയായ യുവതി മറ്റൊരു ബന്ധത്തിൽ ഏർപ്പെടുന്നത് നിയമപരമായും ധാർമികമായും തെറ്റല്ല എന്നതിനാൽ എങ്ങനെ പ്രതിക്ക് ജാമ്യം നിഷേധിക്കാനാകുമെന്ന് കോടതി ചോദിച്ചു. നഗ്ന ദൃശ്യങ്ങൾ കൈവശം വച്ചതായി കണ്ടെത്തിയാൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിഗണിക്കാനാകുമെന്ന് കോടതി അറിയിച്ചു.
Kerala
കൊച്ചി: പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം നടത്തിയതിലെ വരവുചെലവ് കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍നിന്നും സംസ്ഥാന ഓഡിറ്റ് വകുപ്പില്‍നിന്നു കോടതി വിശദീകരണം തേടി. അയ്യപ്പസംഗമം വഴി ബോര്‍ഡിന് 3.40 കോടി രൂപ കടംവന്നുവെന്ന് സ്വതന്ത്ര ഓഡിറ്റിംഗില്‍ കണ്ടെത്തിയിരുന്നു.
പമ്പാതീരത്ത് 2025 സെപ്റ്റംബര്‍ 25നാണ് അയ്യപ്പസംഗമം നടത്തിയത്. ഇതിനായി പൊതുഫണ്ട് വിനിയോഗിക്കില്ലെന്നായിരുന്നു ബോര്‍ഡ് വ്യക്തമാക്കിയിരുന്നത്. വിജയന് ആന്‍ഡ് അസോസിയേറ്റ് എന്ന ചാര്‍ട്ടേർഡ് അക്കൗണ്ടിംഗ് സ്ഥാപനമാണ് ഓഡിറ്റ് നടത്തിയത്. പണം സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുമെന്നാണ് സര്‍ക്കാരും ബോര്‍ഡും പറഞ്ഞിരുന്നത്. പിരിവ് കിട്ടാതെ ബോര്‍ഡിന് 3.40 കോടി കടബാധ്യതയുണ്ടായി.
അഞ്ചു കോടി രൂപയാണ് സംഗമത്തിന് ആകെ ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എട്ടു കോടി ചെലവായി എന്നുമാണ് റിപ്പോര്‍ട്ട്. കൂടാതെ അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കു കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ടെന്‍ഡറില്ലാതെ കരാര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വേദിയുടെ അളവെടുപ്പിലും വിഐപികളുടെ ഭക്ഷണച്ചെലവിലും പൊരുത്തക്കേടുണ്ട്.
അതിഥികള്‍ക്ക് നല്‍കാനായി 4100 പായ്ക്കറ്റ് വീതം അപ്പം, അരവണ, വിഭൂതി, മഞ്ഞള്‍, കുങ്കുമം, ആടിയശിഷ്ടം നെയ്യ് ഒരു കിലോ ചന്ദനം എന്നിവ കരുതിയിരുന്നു.
ഇവയുടെ തുക രേഖപ്പെടുത്തിയിട്ടില്ല. ഉപകരാര്‍ കൊടുത്തതിന്റെ ബില്ലുകള്‍ ഓഡിറ്റിംഗിന് കിട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കലാപരിപാടികള്‍ക്ക് എട്ടു ലക്ഷം ചെലവായെന്ന് കാണിച്ചിട്ടുണ്ടെങ്കിലും രണ്ടു ലക്ഷത്തിന്റെ വൗച്ചറുകള്‍ മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.
Kerala
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെയുള്പ്പെടെ വരുമാനം കൃത്യമായി ഓഡിറ്റ് ചെയ്യാന്‍ കെ സ്മാര്‍ട്ട് മാതൃകയിലുള്ള ഡിജിറ്റല്‍ സംവിധാനം ഒരുക്കുന്നതില്‍ വിശദീകരണം ആവശ്യപ്പെട്ടു ഹൈക്കോടതി.
സോഫ്റ്റ്വേര്‍ സജ്ജമാക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനെ ചുമതലപ്പെടുത്തുന്ന കാര്യത്തില്‍ പത്തു ദിവസത്തിനകം നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോടും ബോര്‍ഡിനോടും ജസ്റ്റീസുമാരായ വി. രാജവിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
സമഗ്ര സോഫ്റ്റ്വേര്‍ വികസിപ്പിക്കുന്നതിനുള്ള സമയക്രമം കണ്‍സള്‍ട്ടന്‍സിയായ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കോടതിയെ അറിയിച്ചിരുന്നു. ഡോക്യുമെന്റേഷനും മൊഡ്യൂളുകളും തയാറാക്കാന്‍ ആറു മാസവും സോഫ്റ്റ്വേര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ രണ്ടു വര്‍ഷവും വേണമെന്നാണ് സൂചിപ്പിച്ചത്.
ഡോക്യുമെന്റേഷനുശേഷം ടെന്‍ഡര്‍ വേണ്ടിവരും. അതേസമയം, ടെന്‍ഡറിലേക്കു പോകാതെ സര്‍ക്കാര്‍സ്ഥാപനമായ ഇന്‍ഫര്‍മേഷന്‍ കേരള മിഷനെ ഏല്‍പ്പിച്ചാല്‍ ഡോക്യുമെന്റേഷനൊപ്പംതന്നെ സോഫ്റ്റ്വേര്‍ വികസനവും മുന്നോട്ടു കൊണ്ടുപോകാനാകുമെന്നും സമയനഷ്ടം കുറയ്ക്കാമെന്നും ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: ബസിനുള്ളില്‍ അപമാനിച്ചെന്നാരോപിച്ച് യുവതി വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ദീപക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണമാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി 24ന് പരിഗണിക്കാന്‍ മാറ്റി.
ഓള് കേരള മെന്‍സ് അസോസിയേഷനാണു ഹര്‍ജി നല്‍കിയത്. ഷിംജിത മുസ്തഫ പകര്‍ത്തിയ വീഡിയോ വൈറലായതിനു പിന്നാലെയായിരുന്നു ദീപക്കിന്റെ മരണം.
കേസ് സിബിഐക്കോ ക്രൈംബ്രാഞ്ചിനോ പ്രത്യേക അന്വേഷണസംഘത്തിനോ കൈമാറണമെന്നാണു മെന്‍സ് അസോസിയേഷന് നേതാവ് വട്ടിയൂര്‍ക്കാവ് അജിത്കുമാറിന്റെ ഹര്‍ജിയിലെ ആവശ്യം.
Kerala
കൊച്ചി: ബിഎസ്സി നഴ്സിംഗ് കോഴ്സ് കര്‍ണാടകയില്‍ പഠിച്ചു വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ രജിസ്ട്രേഷന് നിഷേധിക്കാനാകില്ലെന്നു ഹൈക്കോടതി.
കര്‍ണാടക സ്റ്റേറ്റ് നഴ്സിംഗ് കൗണ്‍സില്‍ അംഗീകരിച്ച സ്ഥാപനങ്ങളില്‍നിന്നുള്ള ബിരുദങ്ങള്‍ സാധുതയുള്ളതാണ്. അതിനാല്‍ കര്‍ണാടകത്തിലെ അംഗീകൃത നഴ്സിംഗ് കോളജുകളില്‍നിന്ന് കോഴ്സ് പാസായവരെ കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാനും പ്രാക്ടീസ് ചെയ്യാനും അനുവദിക്കണമെന്നും ജസ്റ്റീസ് എന്‍. നഗരേഷ് ഉത്തരവിട്ടു.
ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരം വേണമെന്ന നിബന്ധനയുടെ പേരില്‍ രജിസ്ട്രേഷന് നിഷേധിക്കുന്നതിനെതിരേ കര്‍ണാടക സ്റ്റേറ്റ് അസോസിയേഷന് ഓഫ് മാനേജ്മെന്റ് ഓഫ് നഴ്സിംഗ് ആന്‍ഡ് അലൈഡ് ഹെല്‍ത്ത് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
Kerala
കൊച്ചി: തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമായി നിര്‍മിക്കുന്ന ‘കാലം പറഞ്ഞ കഥ’ എന്ന സിനിമ കേസിലെ വിചാരണയെ പ്രതികൂലമായി ബാധിക്കില്ലെന്നു സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍. സിനിമ റിലീസിനെതിരേ കേസിലെ പ്രതിയായ അഫാന്റെ അച്ഛൻ നല്കിയ ഹര്‍ജിയിലാണു വിശദീകരണം.
സിനിമ കണ്ടുവെന്നും വിചാരണയെ ബാധിക്കുന്ന തരത്തിലല്ല ചിത്രീകരണമെന്നും സെന്‍സര്‍ ബോര്‍ഡിനുവേണ്ടി ഹാജരായ അഭിഭാഷക കോടതിയെ അറിയിച്ചു. കൂടാതെ ലഹരിക്കും ഓൺലൈന്‍ ഗെയിമുകള്‍ക്കും എതിരേയാണു സിനിമയുടെ പ്രമേയമെന്നുമായിരുന്നു അഭിഭാഷകയുടെ വാദം.
എന്നാല്‍ സിനിമയില്‍ പോലീസിന്റെ ഭാഗം മാത്രമേ ചിത്രീകരിക്കുന്നുള്ളൂവെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് വാദിച്ചു. കേസ് അടുത്തയാഴ്ചയിലേക്കു മാറ്റി. അതേസമയം, സിനിമയുടെ നിര്‍മാതാക്കള്‍ ഹര്‍ജിയില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിച്ചു.
സംഭവത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണു സിനിമ നിര്‍മിച്ചിരിക്കുന്നതെന്ന വാദം നിര്‍മാതാക്കള്‍ നിഷേധിച്ചു.കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24 നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്.
Kerala
കൊച്ചി: മതപഠനം നടത്തുന്ന സ്ഥാപനങ്ങളായാലും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ പ്രവര്‍ത്തിക്കാനാകൂവെന്ന് ഹൈക്കോടതി.
നിയമത്തിലെ 18–ാം വകുപ്പ് പ്രകാരം ഇത്തരം വിദ്യാഭ്യാസ-സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ അനുമതി വേണം. പുന്നയൂര്‍ വടക്കേക്കാട് പ്രവര്‍ത്തിക്കുന്ന മഅ്ദിന്‍ നോളജ് ഗാര്ഡന് പബ്ലിക് സ്കൂളിന്റെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയിലാണ് ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന്റെ ഉത്തരവ്.
സര്‍ക്കാര്‍ അംഗീകാരമില്ലാത്തതിനാല്‍ സ്കൂള്‍ അടച്ചുപൂട്ടാന്‍ കോടതി നിര്‍ദേശിച്ചു. അതേസമയം, വിദ്യാര്‍ഥികള്‍ക്കു ബദല്‍ ക്രമീകരണമൊരുക്കാന്‍ സമയം വേണ്ടതിനാല്‍ ഈ അക്കാദമിക വര്‍ഷം പ്രവര്‍ത്തനം തുടരാന്‍ അനുമതിയും നല്കി.
അംഗീകാരമില്ലാതെ 300 ഓളം കുട്ടികളുള്ള പ്രീ സ്കൂള്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഇസ്ലാമിക വിഷയങ്ങള്‍ പഠിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികളായ മൊയ്തീന്‍കുട്ടി, ബാപ്പു എന്നിവര്‍ നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
സ്കൂളുകളില്‍ അനുമതിയില്ലാതെ മതപഠനം പാടില്ലെന്നു ഹിദായ എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് കേസില്‍ ഉത്തരവുള്ളതായും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, സ്ഥാപനം പൂട്ടാന്‍ ചാവക്കാട് എഇഒ നിര്‍ദേശിച്ചതിനെതിരേ സ്കൂള്‍ മാനേജര്‍ നല്കിയ ഹര്‍ജി കോടതി തള്ളി.
Kerala
കൊച്ചി: സൈനിക സേവനത്തിനിടെ രോഗബാധിതനായി സ്വയം വിരമിച്ചാലും ഡിസെബിലിറ്റി പെന്ഷന് അര്‍ഹതയുണ്ടെന്നു ഹൈക്കോടതി. ആനുകൂല്യങ്ങള്‍ നിഷേധിച്ചതിനെതിരേ ഹവില്‍ദാറായിരുന്ന ബി. മണിക്കുട്ടന് സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് ജസ്റ്റീസുമാരായ കെ. നടരാജന്, ജോണ്സണ് ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
1986ല്‍ പൂര്‍ണ കായികക്ഷമതയോടെ സൈന്യത്തില്‍ ചേര്‍ന്ന ഹര്ജിക്കാരന് 1994ല്‍ ജമ്മു കാഷ്മീരിലെ സേവനത്തിനിടെ ബ്രോങ്കിയല്‍ ആസ്ത്മ പിടിപെട്ടു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കുകയായിരുന്നു. എന്നാല്‍ സ്വയം വിരമിച്ചവര്‍ക്കു ഡിസെബിലിറ്റി പെന്ഷന് അര്‍ഹതയില്ലെന്നു ചൂണ്ടിക്കാട്ടി ആംഡ് ഫോഴ്സ് ട്രൈബ്യൂണല്‍ നേരത്തേ അപേക്ഷ തള്ളിയിരുന്നു. ഇതിനെതിരേയാണു ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.
ബ്രോങ്കിയല്‍ ആസ്ത്മ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന രോഗമാണെന്നും സൈനിക സേവനത്തിനിടെയാണ് ഇതു ബാധിച്ചതെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍ അവഗണിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
Kerala
കൊച്ചി: നിയമപരമായ അവകാശങ്ങള്‍ക്കായി ഒരു പൗരനും ഉദ്യോഗസ്ഥവൃന്ദത്തിനു മുന്നില്‍ തലകുനിക്കരുതെന്ന് ഹൈക്കോടതി. വീടിനും ജീവനും ഭീഷണിയായി സമീപത്തെ പറമ്പില്‍ നില്ക്കുന്ന വന്‍ മരങ്ങള്‍ മുറിക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം നടത്തിയ 92കാരനെ പ്രശംസിച്ചാണു ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ പരാമര്‍ശം.
ഹര്‍ജിക്കാരന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച കോടതി, കവി ടി.എസ്. തിരുമുമ്പിന്റെ “തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം; തല നരയ്ക്കാത്തതല്ലെന്‍ യുവത്വവും; പിറവി തൊട്ടു നാളെത്രയെന്നെണ്ണുമപ്പതിവുകൊണ്ടല്ലളപ്പതെന് യൗവനം
കൊടിയ ദുഷ്പ്രഭുത്വത്തിന് തിരുമുമ്പില്‍ തലകുനിക്കാത്ത ശീലമെന് യൗവനം..”
എന്ന വരികള്‍ ഉത്തരവില്‍ ഉദ്ധരിച്ചു.
പ്രതിരോധമന്ത്രാലയം മുന്‍ ഉദ്യോഗസ്ഥന് കൊച്ചി പള്ളുരുത്തി സ്വദേശി സി.ജെ. മാത്യൂസാണ് (92) നീണ്ട നിയമപോരാട്ടം നടത്തിയത്. വര്‍ഷങ്ങളോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്ത ഇദ്ദേഹത്തിന് ഹൈക്കോടതി കൈത്താങ്ങായി മാറുകയായിരുന്നു.
ഭീഷണി സൃഷ്ടിക്കുന്ന രണ്ടു മരങ്ങള്‍ ഒരു മാസത്തിനകം നീക്കം ചെയ്യാന്‍ കോടതി കൊച്ചി കോര്പറേഷന് സെക്രട്ടറിക്കു നിര്‍ദേശം നല്കി. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടറും ഫോര്‍ട്ട്കൊച്ചി ആര്‍ഡിഒയും ഉറപ്പാക്കണം. അടിയന്തര സാഹചര്യങ്ങളില്‍ മരം മുറിക്കുന്നതിന് സ്ഥലമുടമയ്ക്ക് നോട്ടീസ് പോലും നല്‍കാതെ ഇടപെടാന്‍ മുനിസിപ്പാലിറ്റീസ് ആക്ട് പ്രകാരം നഗരസഭാ സെക്രട്ടറിമാര്‍ക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
ആള്‍പാര്‍പ്പില്ലാത്ത പറമ്പിലെ മരങ്ങളുടെ കൊമ്പുകളും വേരുകളും തന്റെ വീടിനും വാട്ടര്‍ ടാങ്കിനുമടക്കം കേടുപാടുണ്ടാക്കിയെന്ന് ഹര്ജിക്കാരൻചൂണ്ടിക്കാട്ടി. മഴയും കാറ്റും വരുമ്പോള്‍ ജീവഭയമുണ്ട്. സമീപത്തെ പറമ്പ് കാടുപിടിച്ച് ഇഴജന്തുക്കളും വവ്വാലുകളും നിറഞ്ഞു. 2017ലാണ് ഹര്ജിക്കാരന് ആദ്യം ആര്‍ഡിഒയ്ക്ക് പരാതി നല്‍കിയത്. അന്വേഷണത്തിന് ആര്‍ഡിഒ നിര്‍ദേശിച്ചെങ്കിലും മരങ്ങള്‍ നീക്കാനുള്ള നടപടിയുണ്ടായില്ല.
ഹര്ജിക്കാരന് ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ നിയമോപദേശം തേടി. തുടര്‍ന്ന് രാമേശ്വരം വില്ലേജ് ഓഫീസര്‍ പരിശോധന നടത്തി അപകടാവസ്ഥയുണ്ടെന്ന് കോര്‍പറേഷനെ ഉള്‍പ്പെടെ അറിയിച്ചു. എന്നിട്ടും നടപടിയുണ്ടായില്ല.
ഹര്ജിക്കാരന് ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഉചിതമായ നടപടിക്കു നിര്‍ദേശമുണ്ടായി. എന്നാല്‍ കോർപറേഷന് തൊഴിലാളികളെത്തി കാടുകള്‍ മാത്രം വെട്ടി മടങ്ങി. ഇതിനു പിന്നാലെയാണ് വിഷയം ഹൈക്കോടതിയില്‍ എത്തിയത്.
സിവില്‍ തര്‍ക്കമുള്ളതിനാല്‍ പ്രവേശനവിലക്കുണ്ടെന്നാണ് മരം നില്ക്കുന്ന ഭൂമിയുടെ അവകാശികള്‍ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് നോട്ടീസില്ലാതെ നടപടിയെടുക്കാന്‍ സെക്രട്ടറിക്ക് അധികാരമുണ്ടെന്ന് കോടതി വിശദീകരിച്ചത്.
National
കൊച്ചി: കേരളത്തിലെ ക്ഷേത്രങ്ങളിൽ അഹിന്ദുക്കളുടെ പ്രവേശനം പൂർണമായും തടയുന്ന ചട്ടങ്ങൾ പുനഃപരിശോധിക്കണമെന്ന് കേരള ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. നിയമങ്ങളും ചട്ടങ്ങളും മതങ്ങൾക്കിടയിൽ ഭിന്നതയോ അസ്വാരസ്യമോ ഉണ്ടാക്കുന്ന ഉപകരണങ്ങളായി മാറരുതെന്നും, മറിച്ച് അവ ജനങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയാകണമെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ സുപ്രധാന നിരീക്ഷണം. പത്തനംതിട്ട അടൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ 2023-ലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ രണ്ട് ക്രിസ്ത്യൻ വൈദികർ എത്തിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
തൈത്തിരീയ ഉപനിഷത്തിലെ 'അതിഥി ദേവോ ഭവ' എന്ന സങ്കല്പം മുൻനിർത്തി, ക്ഷേത്ര തന്ത്രിയുടെ അനുമതിയോടെ അതിഥികളായി എത്തുന്നവരെ തടയാനാവില്ലെന്ന് കോടതി പറഞ്ഞു. അവകാശമായിട്ടല്ല, മറിച്ച് ക്ഷണിതാക്കളായി എത്തുന്ന അതിഥികളെ സ്വീകരിക്കുന്നത് ആചാര ലംഘനമല്ല.1965-ലെ 'കേരള ഹിന്ദു പ്ലേസസ് ഓഫ് പബ്ലിക് വർഷിപ്പ് ആക്റ്റിൽ' അഹിന്ദുക്കൾക്ക് പ്രവേശനം നൽകരുതെന്ന് ഒരിടത്തും പറയുന്നില്ല. എന്നാൽ ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ 'റൂൾ 3(എ)'-യിലാണ് അഹിന്ദുക്കളെ തടയുന്ന കാര്യം പരാമർശിക്കുന്നത്.
ഒരു നിയമത്തിന്റെ ചട്ടങ്ങൾ പ്രധാന നിയമത്തേക്കാൾ വലുതാകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നിലവിലെ റൂൾ 3(എ) ഭരണഘടനാ തത്വങ്ങൾക്കും നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കും നിരക്കുന്നതാണോ എന്ന് സർക്കാർ പരിശോധിക്കണം. ദേവസ്വം ബോർഡുകൾ, തന്ത്രിമാർ, മതപണ്ഡിതർ എന്നിവരുമായി ചർച്ച നടത്തി ഈ ചട്ടത്തിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
നിയമങ്ങൾ സമൂഹത്തിന്റെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് മാറണമെന്നും, കൂടുതൽ ഉൾക്കൊള്ളൽ സ്വഭാവമുള്ള സമൂഹമായി നാം വളരണമെന്നും കോടതി കൂട്ടിച്ചേർത്തു. ക്രിസ്ത്യൻ വൈദികരെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചത് തന്ത്രിയുടെ അനുമതിയോടെയാണെന്നും, ഇത് ക്ഷേത്രാചാരങ്ങളുടെ ലംഘനമല്ലെന്നും വ്യക്തമാക്കിയ കോടതി, വൈദികർക്കെതിരെ നടപടി വേണമെന്ന ഹർജിക്കാരന്റെ ആവശ്യം നിരസിച്ചു.
Kerala
കൊച്ചി: പാതയോരങ്ങളിലെ അനധികൃത ഫ്ളക്സും കൊടിതോരണങ്ങളും നീക്കി പിഴയീടാക്കാന്‍ ഭയക്കുന്ന തദ്ദേശ സെക്രട്ടറിമാര്‍ രാജിവച്ചു പോകുന്നതാണ് ഉചിതമെന്നു ഹൈക്കോടതി. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടികളും നിയമലംഘനത്തിന് മുന്‍നിരയിലുണ്ട്.
ചോദിച്ചാല്‍ ബംഗാളികളുടെ തലയില്‍വച്ച് ഒഴിയും. എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒരു പോലെയാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഇത്തരം പ്രവര്‍ത്തനത്തില്‍നിന്നു വിട്ടുനിന്നാല്‍ ജനം കൂടെ നില്‍ക്കുമെന്നുറപ്പാണെന്നും കോടതി വ്യക്തമാക്കി.
പാതയോരങ്ങളിലെ അനധികൃത ഫ്ളക്സും കൊടിതോരണങ്ങളും മാറ്റുന്നതിനും പിഴയടക്കം നടപടികളെടുക്കാനും തദ്ദേശ ജോയിന്റ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ സ്പെഷല്‍ ഡ്രൈവിന് കോടതി നിര്‍ദേശം നല്കി. അനധികൃത ബോര്‍ഡുകളും മറ്റും നീക്കം ചെയ്തെന്ന് എല്ലാ തദ്ദേശസ്ഥാപന സെക്രട്ടറിമാരും ഉറപ്പുവരുത്തണം.
പ്രത്യേക പരിശോധന രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. നടപടിയെടുക്കാന്‍ വിമുഖതയുള്ള ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഓണ്‍ലൈനായി ഹാജരായി വിശദീകരണം നല്‍കേണ്ടിവരുമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.
എറണാകുളത്തടക്കം അനധികൃത ബോര്‍ഡുകളും കൊടികളും വലിയ തോതില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതായി അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. അനധികൃത ബോര്‍ഡുകള്‍ വയ്ക്കുന്നതു സ്വാധീന ശക്തികളാണെന്നും രാത്രിയിലാണ് ഇവ കൂടുതലും സ്ഥാപിക്കുന്നതെന്നും നഗരസഭകള്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഇത്തരം വിഷയങ്ങളില്‍ നിശബ്ദത പാലിക്കാനാകില്ലെന്നു കോടതി പറഞ്ഞു.
Kerala
കൊച്ചി: കാംപസുകളെ രാഷ്ട്രീയ സ്വാധീനത്തില്‍ നിന്ന് മുക്തമാക്കാനുള്ള ചട്ടങ്ങള്‍ക്ക് രൂപം നല്കാന് സംസ്ഥാനത്തെ സര്‍വകലാശാല സിന്‍ഡിക്കറ്റുകള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി.
എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കലാലയ രാഷ്ട്രീയം നിയന്ത്രിക്കാന്‍ നടപടി ആവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി എല്‍.എസ്. അജോയ് നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
എംജി സര്‍വകലാശാല 2005ല്‍ തയാറാക്കിയ ചട്ടങ്ങള്‍ മാതൃകയായി പരിഗണിച്ച് ചട്ടങ്ങള്‍ക്കു രൂപം നല്‍കാനാണ് നിര്‍ദേശം.
സൗഹാര്‍ദ അന്തരീക്ഷം എല്ലാ കലാലയങ്ങളിലും ഉറപ്പാക്കണമെന്നും പഠനപ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്നും നിരീക്ഷിച്ചാണ് കോടതിയുടെ നിര്‍ദേശം. സര്‍വകലാശാലകള്‍ തയാറാക്കുന്ന ചട്ടങ്ങള്‍ കോടതിയിലും അഡീ. അഡ്വക്കറ്റ് ജനറലിനും കൈമാറണം.
Kerala
കൊച്ചി: മസാല ബോണ്ടില്‍ ഫെമ നിയമലംഘനമാരോപിച്ച് കിഫ്ബിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അയച്ച നോട്ടീസിലെ നടപടികള്‍ തത്കാലം തുടരാം.
അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റി അയച്ച കാരണംകാണിക്കല്‍ നോട്ടീസിലെ തുടര്‍നടപടികള്‍ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഇഡി നല്കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിശദമായ വാദം കേള്‍ക്കും. ഇ ഡിയുടെ അപ്പീല്‍ മാര്‍ച്ച് ഒമ്പതിലേക്കു മാറ്റി. അതുവരെ നോട്ടീസിലെ സ്റ്റേ നീക്കിയതിലുള്ള വിലക്ക് തുടരും.
മസാല ബോണ്ടിലൂടെ കിഫ്ബി വിദേശത്തുനിന്നു സമാഹരിച്ച പണം ഭൂമി വാങ്ങാന്‍ ഉപയോഗിച്ചതില്‍ നിയമലംഘനമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഫെമ ലംഘനം നടന്നതായ റിപ്പോര്‍ട്ടില്‍ അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റി നല്‍കിയത് കാരണം കാണിക്കല്‍ നോട്ടീസാണെന്നും തുടര്‍നടപടികള്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് നടപടി തെറ്റാണെന്നുമായിരുന്നു ഇഡിയുടെ വാദം.
കാരണം കാണിക്കല്‍ നോട്ടീസില്‍ തര്‍ക്കമുന്നയിക്കാന്‍ ഫെമ നിയമപ്രകാരം ബന്ധപ്പെട്ട അപ്പലറ്റ് അഥോറിറ്റിയെയാണു സമീപിക്കേണ്ടത്.
വസ്തുതാപരവും നിയമപരവുമായുമുള്ള തര്‍ക്കം ഇവിടെ ഉന്നയിക്കാന്‍ കഴിയുമെന്നതു പരിഗണിക്കാതെയാണു സിംഗിള്‍ ബെഞ്ചിന്റെ നടപടി.
പ്രാഥമികമായ പരിശോധനാ ഘട്ടത്തിലാണ് അഡ്ജുഡിക്കേഷന് നടപടികളെന്നും അതു തുടരാന്‍ അനുവദിക്കണമെന്നുമാണ് ഇഡിയുടെ ആവശ്യം.
Kerala
കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരേ വഖഫ് ബോര്‍ഡ് നല്കിയ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ജുഡീഷല്‍ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യം വിലയിരുത്തിയാണ് ജസ്റ്റീസ് എസ്.എ. ധര്‍മാധികാരി, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഹർജി തീർപ്പാക്കിയത്.
കഴിഞ്ഞ ഒക്ടോബര്‍ പത്തിനാണ് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിരീക്ഷണത്തോടെ ഡിവിഷന്‍ബെഞ്ച് ഉത്തരവുണ്ടായത്. മുന്‍ ഹൈക്കോടതി ജഡ്ജി സി. എന്‍. രാമചന്ദ്രന് നായരെ ജുഡീഷല്‍ കമ്മീഷനായി നിയമിച്ച സര്‍ക്കാര്‍ വിജ്ഞാപനം സിംഗിള്‍ബെഞ്ച് റദ്ദാക്കിയത് ചോദ്യം ചെയ്യുന്ന സര്‍ക്കാര്‍ ഹര്‍ജിയിലായിരുന്നു ഡിവിഷന്‍ബെഞ്ച് ഉത്തരവ്.
പരിഗണനയ്ക്കു വന്ന വിഷയത്തിനപ്പുറം കടന്നാണ് ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവുണ്ടായതെന്നതടക്കം ചൂണ്ടിക്കാട്ടിയാണു വഖഫ് ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.
ഇതിനിടെ ഡിവിഷന്‍ബെഞ്ച് ഉത്തരവിനെതിരേ കേരള വഖഫ് സംരക്ഷണ വേദി സുപ്രീം കോടതിയെയും സമീപിച്ചു. ഈ ഹര്‍ജിയില്‍ ഡിവിഷന്‍ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുകയാണ്.
Kerala
കൊച്ചി: കാല്‍നടയാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജി ദേശീയ പാത അഥോറിറ്റിയുടെ ഉറപ്പിനെത്തുടര്‍ന്ന് ഹൈക്കോടതി തീര്‍പ്പാക്കി. ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണു ഹര്‍ജി തീര്‍പ്പാക്കിയത്.
കാല്‍നടയാത്രക്കാര്‍ക്ക് അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ സംസ്ഥാനത്തിനും എന്‍എച്ച്എഐയ്ക്കും കേരള റോഡ് സുരക്ഷാ അഥോറിറ്റിക്കും നിര്‍ദേശം നല്‍കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
കാല്‍നടയാത്രക്കാര്‍ക്കുള്ള പരാതികള്‍ സമര്‍പ്പിക്കാന്‍ രാജ്മാര്ഗ്യാത്ര എന്ന മൊബൈല്‍ ആപ്ലിക്കേഷനെക്കുറിച്ച് പ്രചാരണം നല്കാന് കോടതി നേരത്തേ എന്എച്ച്എഐയോടു നിര്‍ദേശിച്ചിരുന്നു.
മൊബൈല്‍ ആപ് പ്രവര്‍ത്തനക്ഷമമാണെന്നും ഹര്‍ജിക്കാര്‍ ഉന്നയിച്ച മറ്റു പരാതികള്‍ മുന്‍ ഇടക്കാല ഉത്തരവില്‍ പരിഗണിച്ചിട്ടുണ്ടെന്നും എന്‍എച്ച്എഐയുടെ അഭിഭാഷകന് ബോധിപ്പിച്ചു.
ഉന്നയിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ എന്‍എച്ച്എഐ സ്വീകരിക്കാന്‍ തയാറാണെന്നും എന്തെങ്കിലും പരാതികള്‍ നിലനില്ക്കുന്നുണ്ടെങ്കില് അതു ശ്രദ്ധയില്‍പ്പെടുത്തിയാല്‍ എന്‍എച്ച്എഐ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
Kerala
കൊച്ചി: ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെടുന്നവരെ 'ഗുണ്ടകൾ' ആയി കണക്കാക്കി കരുതൽ തടങ്കലിൽ പാർപ്പിക്കാൻ നിയമപരമായി സാധിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ ചുമതലപ്പെടുത്തി. ലഹരിമരുന്ന് ഉപയോഗവും വ്യാപനവും സമൂഹത്തിന് വലിയ ഭീഷണിയാണെന്നും ഇക്കാര്യത്തിൽ കോടതികൾ കർശന നിലപാട് സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, പി. ഗോപിനാഥ്, എ. ബദറുദ്ദീൻ, എം.ബി. സ്നേഹലത, ജോബിൻ സെബാസ്റ്റ്യൻഎന്നിവരടങ്ങിയ ഫുൾ ബെഞ്ച് നിരീക്ഷിച്ചു.
ലഹരി വിരുദ്ധ നിയമപ്രകാരം കുറ്റം ചെയ്യുന്നവരെ കാപ്പ ചുമത്തി 'ഗുണ്ട' വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിലെ അവ്യക്തതയാണ് കോടതി പരിശോധിക്കുന്നത്. കാപ്പ നിയമത്തിൽ 'ലഹരിമരുന്ന് കൈവശം വെക്കുന്നത്' ഗുണ്ടയായി പ്രഖ്യാപിക്കാൻ മതിയായ കാരണമാണോ, അതോ 'സംഭരണം' തന്നെ വേണോ എന്നതാണ് പ്രധാന തർക്കം.
ചെറിയ അളവിൽ ലഹരിമരുന്ന് കൈവശം വെച്ചതിന്റെ പേരിൽ ഒരാളെ കരുതൽ തടങ്കലിൽ വെക്കാൻ പാടില്ലെന്ന മുൻകാല വിധി പുനഃപരിശോധിക്കാനാണ് അഞ്ചംഗ ബെഞ്ചിന്റെ തീരുമാനം. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വിചാരണ കൂടാതെ ഒരു വർഷം വരെ തടങ്കലിൽ വെക്കാൻ സർക്കാരിന് അധികാരം നൽകുന്ന നിയമമാണ് കാപ്പ.
സാധാരണയായി ഗുണ്ടകൾ, മണൽ മാഫിയകൾ, ലഹരി മാഫിയകൾ എന്നിവർക്കെതിരെയാണ് ഇത് പ്രയോഗിക്കുന്നത്. ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട ഒരാളെ ഗുണ്ട ആയി പ്രഖ്യാപിക്കണമെങ്കിൽ അയാൾ ഒരേ കുറ്റം ആവർത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അഞ്ചംഗ ബെഞ്ചിന്റെ വിധി വരുന്നതോടെ ഈ കാര്യത്തിൽ നിയമപരമായ വ്യക്തത കൈവരും.
Kerala
കൊച്ചി: നടിയെ ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതികളായ മാര്ട്ടിന്, സലിം, പ്രദീപ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി മാര്‍ച്ച് 31ന് പരിഗണിക്കാന്‍ മാറ്റി.
അപ്പീലിനെ എതിര്‍ത്തു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് സമയം അനുവദിച്ചു.
ഹര്‍ജിക്കാര്‍ക്കു വിചാരണക്കോടതി 20 വര്‍ഷം കഠിനതടവാണു വിധിച്ചത്. അപ്പീല്‍ തീര്‍പ്പാകാനുള്ള കാലതാമസം കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയും അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.
National
ചെന്നൈ: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുണ്ടെന്ന് ജയറാം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ആരംഭിക്കുന്നതെന്നും ഇയാൾ നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി. എന്നാൽ സാമ്പത്തിക ഇടപാടിനെ കുറിച്ചോ തട്ടിപ്പിനെ കുറിച്ചോ അറിവില്ലെന്നും ജയറാം വ്യക്തമാക്കി.
പോറ്റിയെ വിശ്വാസമായിരുന്നു. ശബരിമല ശ്രീകോവിലിലെ കട്ടിളപാളി സ്മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും പോറ്റി ക്ഷണിച്ചതനുസരിച്ച് പങ്കെടുത്തിരുന്നതായി ജയറാം എസ്ഐടിക്ക് മൊഴി നൽകിയിട്ടുണ്ട്.
വാതിൽപാളികൾ കോട്ടയം ഇളംപള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തിരുന്നതായി ജയറാം അറിയിച്ചു. സ്വർണക്കൊള്ള കേസിൽ ജയറാം സാക്ഷിയാകുമെന്നാണ് ലഭിക്കുന്ന വിവരം.
Kerala
കൊച്ചി: സര്‍ക്കാര്‍ നടത്തുന്ന നവകേരള സര്‍വേ തടയണമെന്നാവശ്യപ്പെട്ട് കെഎസ്യു നല്കിയ ഹര്‍ജിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കക്ഷിയാക്കും. ഇതിനുള്ള അപേക്ഷ നല്കാന് ഹര്‍ജിക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹൈക്കോടതി വിഷയം ഒരാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി.
ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം.ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. 20 കോടി രൂപ ചെലവിട്ട് പാര്‍ട്ടി കേഡറുകളെയടക്കം നിയോഗിച്ച് നടത്തിവുരന്ന സര്‍വേ നിയമവിരുദ്ധമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമാണ് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലെ ആരോപണം.
Kerala
കൊച്ചി: കേരള ഹൈക്കോടതിയിലെ കലാസാഹിത്യ വേദിയായ സമന്വയയും സര്‍വീസ് സംഘടനകളും ചേര്‍ന്ന് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്നിന് സ്വീകരണമൊരുക്കി. സമന്വയ പ്രസിഡന്റ് പി.എ. ഷമീര്‍ അധ്യക്ഷത വഹിച്ചു.
ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ ആമുഖ പ്രഭാഷണം നടത്തി. ജസ്റ്റീസ് രാജാ വിജയരാഘവന്, ജസ്റ്റീസ് ദേവന് രാമചന്ദ്രന്, കേരള ഹൈക്കോടതി ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ് അനിത യൂജിന്‍, എസ്. മനു എന്നിവര്‍ പ്രസംഗിച്ചു.
National
ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വം ബോർഡിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അധികാരം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.
2015ൽ കേരള നിയമസഭ പാസാക്കിയ നിയമം സുതാര്യത ഉറപ്പ് വരുത്താനാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേസിൽ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയച്ചു.
നിയമനം നടത്താൻ ഗുരുവായൂർ ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്കാണ് നിയമസാധുതയെന്നും ഇത് മറികടക്കുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമം ഭരണഘടനാവിരുദ്ധമാണെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരേ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡാണ് സുപ്രീംകോടതിയിലെത്തിയത്.
ദേവസ്വത്തിലെ നിയമനത്തിനായി നിലവിൽ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ട സമിതിയെയും ഹൈക്കോടതി നിയോഗിച്ചിരുന്നു.
Kerala
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ് നിര്‍ബന്ധമാക്കിയതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് എന്‍. നഗരേഷ് പരിഗണിച്ചത്.
മെഡിസെപ് പരാജയമാണെന്നും അതിനാല്‍ ഓപ്ഷണലാക്കുകയോ പകരം സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുകയോ വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മിക്ക ആശുപത്രികളും പദ്ധതിക്കു പുറത്താണ്.
മെഡിസെപ്പില്‍ എംപാനല്‍ ചെയ്തിരുന്ന പല ആശുപത്രികളും ചികിത്സ നല്‍കിയതിന്റെ പണം കിട്ടാതെ പിന്മാറി. പല രോഗങ്ങളും ഇതിന്റെ കവറേജില്‍ വരുന്നില്ല. മെഡിസെപ്പിലെ വിവരശേഖരണം സ്വകാര്യതയുടെ ലംഘനമാണ്. ജീവനക്കാരുടെ സമ്മതമില്ലാതെയാണു ശമ്പളത്തില്‍നിന്നു പ്രീമിയം പിടിക്കുന്നത്.
സ്കീം മെച്ചപ്പെടുത്തിക്കൂടേ എന്ന് വാദത്തിനിടെ ഹൈക്കോടതി ചോദിച്ചു. തുടര്‍ന്ന് സത്യവാങ്മൂലം നല്‍കാനും നിര്‍ദേശിച്ചു.
Kerala
പത്തനംതിട്ട: ബലാത്സംഗ കേസിൽ ജയിലിൽ തുടരുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത്.
ബലാത്സംഗ കേസിൽ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയം പ്രകടിപ്പിച്ചതോടെയാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം.
കേസിൽ ജില്ല കോടതിയിൽ ഇന്ന് തിരിച്ചടി നേരിട്ടാൽ ഇനി ഹൈക്കോടതി മാത്രമാണ് രാഹുലിന് ആശ്രയം. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ സത്യവാംഗ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കൂര്‍ ജാമ്യം നല്കിയാല് കേസ് അട്ടിമറിക്കപ്പെടുമെന്നും
സത്യവാംഗ്മൂലത്തിൽ പറയുന്നു.
ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്.
Kerala
കൊച്ചി: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന വിഗ്രഹത്തിന്റെ ഉള്‍പ്പെടെ അറ്റകുറ്റപ്പണി വൈകരുതെന്ന് ഹൈക്കോടതി.
മുഖ്യതന്ത്രിയും വിദഗ്ധ സമിതിയും വിശദാംശങ്ങള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രനും ജസ്റ്റീസ് എം.ബി. സ്നേഹലതയും അടങ്ങിയ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുടെ പേരിൽ പ്രതിപക്ഷം നിയമസഭയിൽ നടത്തുന്ന സമരം ഹൈക്കോടതിക്കെതിരേയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് അന്വേഷണം നടക്കുന്നത്. എസ്ഐടിയെ നിരീക്ഷിക്കുന്നതും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതും കോടതിയാണ്.
നിയമസഭ കവാടത്തിലാണെങ്കിലും പ്രതിപക്ഷം നടത്തുന്ന സമരം ഹൈക്കോടതിക്ക് എതിരായ സമരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കൊച്ചി: ശബരിമല തീര്‍ത്ഥാടനകാലത്ത് പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് തടയാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കര്‍ശന നിര്‍ദേശം നല്കി കേരള ഹൈക്കോടതി. പമ്പാനദിയിലെ മലിനീകരണം തടയുന്നതിനായി ജസ്റ്റിസ് രാജ വിജയരാഘവന്, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഉത്തരവിട്ടത്. പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ഏതെങ്കിലും മതപരമായ ആചാരത്തിന്റെ ഭാഗമല്ലെന്നും വെറും അന്ധവിശ്വാസമാണെന്നും കോടതി നിരീക്ഷിച്ചു.
നദിയില്‍ വസ്ത്രങ്ങള്‍ കുന്നുകൂടുന്നത് പമ്പയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുകയും ജലത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് പരിസ്ഥിതിക്ക് ഗുരുതരമായ ആഘാതമുണ്ടാക്കുന്നു. തീര്‍ത്ഥാടകര്‍ പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കുന്നത് തടയാന്‍ ദേവസ്വം ബോര്‍ഡ് വിപുലമായ പ്രചാരണം നടത്തണം. കെഎസ്ആര്‍ടിസി ബസുകളിലും ക്യൂ കോംപ്ലക്സുകളിലും പമ്പയിലും വിവിധ ഭാഷകളില്‍ അനൗണ്‍സ്മെന്റുകള്‍ നല്‍കണം.
വസ്ത്രങ്ങള്‍ നിക്ഷേപിക്കാനായി പമ്പയില്‍ ഓരോ 50 മീറ്ററിലും വലിയ ബിന്നുകള്‍ സ്ഥാപിക്കണം. ഈ ബിന്നുകള്‍ കൃത്യസമയത്ത് വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വസ്ത്രം നദിയില്‍ എറിയുന്നത് തടയാന്‍ വോളന്റിയര്‍മാരെയും പോലീസിനെയും നിയോഗിക്കണം. സിസിടിവി ക്യാമറകള്‍ വഴി നിരീക്ഷണം ശക്തമാക്കാനും കോടതി നിര്‍ദേശിച്ചു.
മുന്‍പത്തെ ഉത്തരവുകള്‍ പ്രകാരം പമ്പ മലിനമാക്കുന്നവര്‍ക്കെതിരെ വാട്ടര്‍ ആക്ട് പ്രകാരം ഒന്നര വര്‍ഷം മുതല്‍ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി ഓര്‍മിപ്പിച്ചു. പമ്പാനദിയുടെ പവിത്രത കാത്തുസൂക്ഷിക്കേണ്ടത് അയ്യപ്പഭക്തരുടെ കടമയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
Kerala
കൊച്ചി: സ്ത്രീധനം നല്‍കുന്നതും കുറ്റമായി കണക്കാക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് ഒഴിവാക്കണമെന്ന ശിപാര്‍ശ കേരള നിയമ പരിഷ്കരണ കമ്മീഷന് സമര്‍പ്പിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
സ്ത്രീധനത്തെ വരനോ വരന്റെ കുടുംബമോ ആവശ്യപ്പെടുന്ന സ്വത്തോ സെക്യൂരിറ്റിയോ ആയി കാണണമെന്നും ഇതാവശ്യപ്പെടുന്നത് കുറ്റകരമാക്കണമെന്നുമാണ് ശിപാര്‍ശയില്‍ പറയുന്നത്. സ്ത്രീധനം നല്‍കുന്നതിനെ കുറ്റമായി കണക്കാക്കുന്നത് സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കാതെയാണെന്നടക്കം ചൂണ്ടിക്കാട്ടി.
എറണാകുളം സ്വദേശിനിയായ ടെല്‍മി ജോളി നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
വിഷയം വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി 11നകം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി.
Kerala
കൊച്ചി: കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി അനര്‍ട്ടിലെ താത്കാലിക നിയമനങ്ങള്‍ നടത്താവൂവെന്ന് ഹൈക്കോടതി.
ചട്ടങ്ങള്‍ മറികടന്ന് അനര്‍ട്ടില്‍ നിയമനം നടത്തുന്നതായി ചൂണ്ടിക്കാട്ടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിര്‍ദേശം. എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.
Kerala
കൊച്ചി: അന്തരിച്ച ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് എസ്. സിരിജഗന്റെ മൃതദേഹം ഇന്ന് രാവിലെ കടവന്ത്രയിലെ ഫ്ലാറ്റില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. വൈകുന്നേരം നാലിന് രവിപുരം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകള്‍ നടക്കും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്. കൊല്ലം സ്വദേശിയായ അദ്ദേഹം 2005 മുതൽ 2014വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു.
വിരമിച്ചശേഷം സുപ്രീംകോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച തെരുവുനായ ആക്രമണ ഇരകൾക്കുള്ള നഷ്ടപരിഹാര സമിതിയുടെ അധ്യക്ഷനായി അദ്ദേഹം പ്രവർത്തിച്ചു. 2016 രൂപീകരിച്ച ജസ്റ്റീസ് സിരിജഗൻ കമ്മിറ്റി വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരമാണ് ഇരകൾക്കായി ശിപാർശ ചെയ്തത്.
Kerala
കൊച്ചി: ഫ്ലക്സ് ബോര്‍ഡുകളും തോരണങ്ങളും സ്ഥാപിക്കാനാണെങ്കില്‍ സംസ്ഥാനത്ത് നടപ്പാതകള്‍ ആവശ്യമില്ലെന്നു ഹൈക്കോടതി. കോടതി ഉത്തരവുകള്‍ നിരന്തരം ലംഘിക്കപ്പെടുന്നത് അദ്ഭുതപ്പെടുത്തുന്നു.
നവകേരളം കടലാസില്‍ മാത്രം പോരെന്നും സിസ്റ്റം പരാജയപ്പെടുന്നുവെന്നാണ് ഇതിന്റെ അര്‍ഥമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ നടപ്പാതകളിലടക്കം നടക്കാന്‍ കഴിയാത്ത വിധം ബോര്‍ഡുകളും കൊടികളും സ്ഥാപിച്ചിരിക്കുകയാണെന്ന അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണു കോടതിയുടെ വിമര്‍ശനം.
കഴിഞ്ഞ ആഴ്ച കൊച്ചിയിലും ഇത്തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി കോര്‍പറേഷനോട് റിപ്പോര്‍ട്ട് തേടിയിരുന്നതായി കോടതി പറഞ്ഞു.
അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതു തടയാന്‍ നടപടി സ്വീകരിക്കാത്ത തിരുവനന്തപുരം കോര്പറേഷന് എന്താണു ചെയ്യുന്നതെന്നു വാക്കാല്‍ ചോദിച്ച കോടതി, തുടര്‍ന്ന് സെക്രട്ടറിയോട് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തേടി.
Kerala
കൊച്ചി: ജനപ്രതിനിധികള്‍ ക്കെതിരേയുള്ള കേസുകളില്‍ നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി നിര്‍ദേശം. അഞ്ചു വര്‍ഷത്തിലധികം പഴക്കമുള്ള 20 കേസുകളുണ്ട്. ഇതില്‍ രണ്ടു കേസുകളില്‍ മാത്രമേ നടപടികള്‍ ഉറപ്പാക്കിയിട്ടുള്ളൂ.
മറ്റു കേസുകളില്‍ പോലീസ് കൃത്യമായി നടപടികളെടുത്തിട്ടില്ല. കോടതികളില്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ അലംഭാവം കാണിക്കുകയാണെന്നുള്ള ഹൈക്കോടതി രജിസ്ട്രിയുടെ വിശദീകരണം കണക്കിലെടുത്താണു കോടതി നിര്‍ദേശം.
സുപ്രീംകോടതി നിര്‍ദേശപ്രകാരമാണു ഹൈക്കോടതി സ്വമേധയാ വിഷയം പരിഗണിച്ചത്. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെതിരേ മാത്രം എട്ടു കേസുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നേരത്തേ വിഷയം പരിഗണിച്ച് സര്‍ക്കാരിനോടു നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
വിഷയവുമായി ബന്ധപ്പെട്ട് നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചതായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പോലീസ് മേധാവി അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഹര്‍ജി 29 ന് വീണ്ടും പരിഗണിക്കും.
Kerala
തിരുവനന്തപുരം: ഐഎച്ച്ആർഡിയിൽ 2025 മേയ് മാസത്തിനു ശേഷം വിരമിച്ച ജീവനക്കാരെ സർവീസിൽ തിരിച്ചെടുക്കാനും 60 വയസ് തികയുന്നതുവരെ ജോലിയിൽ തുടരാനും അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി നടപ്പാക്കാൻ തീരുമാനിച്ചു.
Kerala
തിരുവനന്തപുരം: ബലാത്സംഗ കേസിൽ ജയിലിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആദ്യ പരാതിക്കാരിയുടെ സത്യവാംഗ്മൂലത്തില്‍ ഗുരുതര ആരോപണങ്ങൾ. രാഹുൽ ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും സത്യവാംഗ്മൂലത്തിനൊപ്പമുണ്ട്.
നേരിട്ടത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചതായും സത്യവാംഗ്മൂലത്തിൽ ആരോപിക്കുന്നു. വീഡിയോ ഇപ്പോഴും രാഹുലിന്റെ ഫോണിൽ ഉണ്ട്. പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയാൽ നഗ്ന ദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭയപ്പെടുന്നതായും പരാതിക്കാരി വ്യക്തമാക്കുന്നു.
ഗർഭഛിദ്രം നടത്തിയത് ഭീഷണിപ്പെടുത്തിയാണെന്നും സുഹൃത്ത് ജോബി എത്തിച്ച ഗുളികകൾ കഴിച്ചത് വീഡിയോ കോളിൽ കണ്ട് രാഹുൽ ഉറപ്പാക്കിയെന്നും യുവതി സത്യവാംഗ്മൂലത്തിൽ പറയുന്നു. ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിർത്തിരുന്നു.
ബലാത്സംഗത്തിനിടെയുണ്ടായ സാരമായ പരിക്കുകൾ വ്യക്തമാക്കുന്ന ചിത്രങ്ങളും പരാതിക്കാരി കോടതിയിൽ സമർപ്പിച്ചു. ജാമ്യാപേക്ഷയിൽ വക്രീകരിച്ച വസ്തുതകളും അർധ സത്യങ്ങളുമാണെന്നും വിചാരണക്കോടതിയെയും ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത ശ്രമം നടന്നുവെന്നും ആരോപിക്കുന്നു.
പ്രതി സാഡിസ്റ്റും ഗുരുതരമായ മനോവൈകൃതമുള്ളയാളുമാണ്. രാഹുൽ പ്രതിയായ 10ഓളം പീഡന കേസുകളെപ്പറ്റി അന്വേഷണസംഘത്തിന് വിവരമുണ്ട്. അതിൽ ഒന്ന് പ്രായപൂർത്തിയാകാത്ത അതിജീവിതയാണ്. പ്രതിക്ക് ജാമ്യം നൽകിയാൽ പരാതിക്കാരെ നിശബ്ദരാക്കുമെന്നും സത്യവാംഗ്മൂലത്തിൽ പറയുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നും സന്നിധാനത്ത് പരിശോധന നടത്തും. ചൊവ്വാഴ്ച പുറത്തെടുത്ത് പരിശോധിച്ച ശ്രീകോവിലിന്റെ പഴയ വാതിൽ പാളികളുടെ സാമ്പിളുകൾ ഇന്ന് ശേഖരിക്കും.
പഴയ കൊടിമരം മാറ്റിയപ്പോൾ പെട്ടികളിലാക്കി സൂക്ഷിച്ചിട്ടുള്ള വസ്തുക്കളുടെ പരിശോധന തുടരുകയാണ്. ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണ്ണപ്പാളികൾ സംബന്ധിച്ചും പരിശോധന ഉണ്ടാകും. അയ്യപ്പ ചരിതം കൊത്തിയ സ്വർണപ്പാളികൾ ആണ് പ്രധാനമായും പരിശോധിക്കുന്നത്.
ഹൈക്കോടതി നിർദേശപ്രകാരം മുൻപ് നടത്തിയ സാമ്പിൾ പരിശോധനയിൽ നിർണായക വിവരങ്ങൾ എസ്ഐടി കണ്ടെത്തിയിരുന്നു. അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
എ.പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷയിലാണ് ഇന്ന് ഹൈക്കോടതി വിധി പറയുന്നത്. പ്രത്യേക അന്വേഷണ സംഘം ചുമത്തിയ ദ്വാരപാലകശില്പ കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിക്ക് ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.
Kerala
കൊച്ചി: മദ്യത്തിനു പേരും ലോഗോയും ക്ഷണിക്കുന്ന നടപടി മദ്യപാനത്തിനു പ്രേരണയാകുന്നതല്ലേയെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ഫയല്‍ ചെയ്യാനും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
പൊതുമേഖലാസ്ഥാപനമായ പാലക്കാട് മലബാര്‍ ഡിസ്റ്റിലറീസ് നിര്‍മിക്കുന്ന പുതിയ വിദേശമദ്യ ബ്രാന്‍ഡിന് പേരും ലോഗോയും നല്കാന് ജനങ്ങളില്‍നിന്ന് അഭിപ്രായം തേടുന്ന പരസ്യങ്ങള്‍ തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം.ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച്.
വിഷയം ഫെബ്രുവരി 12ന് വീണ്ടും പരിഗണിക്കും. കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ് ചിന്തു കുര്യന് ജോയ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികളാണു കോടതിയുടെ പരിഗണനയിലുള്ളത്. മലബാര്‍ ഡിസ്റ്റിലറീസിനും നോട്ടീസിന് നിര്‍ദേശിച്ചിട്ടുണ്ട്.
Kerala
കൊച്ചി: തിരുനാവായയില്‍ നടക്കുന്ന മഹാമാഘ മഹോത്സവത്തോടനുബന്ധിച്ച് ഭാരതപ്പുഴയ്ക്കു കുറുകേ നിര്‍മിച്ച താത്കാലിക പാലങ്ങള്‍ പരിശോധിക്കണമെന്നു പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതി നിര്‍ദേശം.
2001ലെ കേരള നദീതീര സംരക്ഷണ നിയമം ലംഘിച്ചുവെന്നാരോപിച്ച് പാലത്തിന്റെ നിര്‍മാണം നിര്‍ത്തിവച്ച് റവന്യു അധികൃതര്‍ പുറപ്പെടുവിച്ച സ്റ്റോപ്പ് മെമ്മോ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് സി. ജയചന്ദ്രന്റെ ഉത്തരവ്. 2026 ജനുവരി 17 ലെ റവന്യു അധികാരികളുടെ ഉത്തരവില്‍ മതപരമായ ഉത്സവം നിരോധിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
താത്കാലിക പാലത്തിന് സുരക്ഷാഭീഷണിയുള്ളതായി സര്‍ക്കാര്‍ അറിയിച്ചു. പത്തു ലക്ഷം ഭക്തര്‍ എത്തുമെന്നാണ് കരുതുന്നത്. ഇത്രയും ജനക്കൂട്ടത്തിന്റെ ഭാരം താങ്ങാന്‍ പാലത്തിനു ശേഷിയുണ്ടാകില്ല. നിര്‍ബന്ധിത ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ അഭിഭാഷകന് ആശങ്ക അറിയിച്ചു.
തുടര്‍ന്നാണ് പാലത്തിന്റെ സുരക്ഷയും ചുറ്റുമുള്ള അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പിന് കോടതി നിര്‍ദേശം നല്‍കിയത്. വലിയതോതിലുള്ള ജനക്കൂട്ടം നിയന്ത്രിക്കുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ആവശ്യമായ അടിയന്തര പരിഹാര, സുരക്ഷാനടപടികള്‍ ശിപാര്‍ശ ചെയ്യാന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കു കോടതി നിര്‍ദേശം നല്കി.
Kerala
കൊച്ചി: മോട്ടോര്‍ വാഹന അപകടക്കേസുകളിൽ, ബൈക്കില്‍ നിയമവിരുദ്ധമായി രണ്ട് പിന്‍സീറ്റ് യാത്രക്കാരെ കയറ്റി എന്ന കാരണത്താല്‍ മാത്രം ഇന്‍ഷ്വറൻസ് തുക കുറയ്ക്കാനാകില്ലെന്ന് ഹൈക്കോടതി. ക്ലെയിമുകള്‍ കുറയ്ക്കുന്നതിനായി ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്ന ഇൻഷ്വറൻസ് കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നതാണ് ഈ വിധി.
ബൈക്കില്‍ രണ്ട് പിന്‍സീറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നത് മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമാണ്. എന്നാല്‍, ഈ നിയമലംഘനം തന്നെയാണ് അപകടത്തിന് കാരണമായതെന്ന് തെളിയിക്കാന്‍ ഇൻഷ്വറൻസ് കമ്പനിക്ക് ബാധ്യതയുണ്ട്. അത്തരം തെളിവുകളില്ലാതെ നഷ്ടപരിഹാര തുക കുറയ്ക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.
അപകടം നടന്നത് മറ്റൊരു വാഹനത്തിന്റെ അശ്രദ്ധ മൂലമാണെന്ന് വ്യക്തമായാൽ, ബൈക്കിലെ യാത്രക്കാരുടെ എണ്ണം നോക്കി മാത്രം നഷ്ടപരിഹാരം വെട്ടിക്കുറയ്ക്കുന്നത് ശരിയല്ലെന്ന് ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ നിരീക്ഷിച്ചു. 2011-ല്‍ നടന്ന ഒരു അപകടവുമായി ബന്ധപ്പെട്ട അപ്പീലിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
ട്രൈബ്യൂണൽ നിശ്ചയിച്ചിരുന്ന വരുമാനവും അംഗവൈകല്യത്തിന്റെ ശതമാനവും കുറവാണെന്ന് കണ്ടെത്തിയ ഹൈക്കോടതി, ഹര്ജിക്കാരന് അനുവദിച്ച നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുകയും ചെയ്തു.
നേരത്തെ ഈ കേസ് പരിഗണിച്ച ട്രൈബ്യൂണൽ, ബൈക്കില്‍ മൂന്ന് പേര് യാത്ര ചെയ്തതിനാല്‍ അപകടത്തില്‍ ഹര്ജിക്കാരന് 20% ഉത്തരവാദിത്തമുണ്ടെന്ന് കണ്ട് നഷ്ടപരിഹാര തുകയില്‍ കുറവ് വരുത്തിയിരുന്നു.
എന്നാൽ, പോലീസ് റിപ്പോര്‍ട്ട് പ്രകാരം അപകടമുണ്ടാക്കിയ ജീപ്പ് ഡ്രൈവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി കോടതി വിധി പുറപ്പെടുവിച്ചത്.
Kerala
പേരൂര്‍ക്കട: കേരള ഹൈക്കോടതി മുൻ ജഡ്ജി റിട്ട. ജസ്റ്റീസ് എ. ലക്ഷ്മിക്കുട്ടി (82) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍.
17 വര്‍ഷം അഭിഭാഷകയായിരുന്നു. ആലപ്പുഴ ജില്ലാ ജഡ്ജിയായിരിക്കെ കേരള ഹൈക്കോടതി ജഡ്ജിയായി. 2004ല്‍ വിരമിച്ചു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് ചെയര്‍പേഴ്സണ്‍, റെഡ് ക്രോസ് കേരള റീജണ്‍ ചെയര്‍പേഴ്സണ്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കശുവണ്ടി വികസന കോര്പറേഷന് അഴിമതിക്കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നിഷേധിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.
തെറ്റ് തിരുത്താന്‍ സര്‍ക്കാരിന് അവസരം നല്‍കിയിട്ടും പഴയ അവസ്ഥയിലാണ്. സര്‍ക്കാര്‍ നിലപാട് കോടതിയോടുള്ള അനാദരവാണെന്നും നടപടികളില്‍ കോടതിയലക്ഷ്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
Kerala
കൊച്ചി : ശസ്ത്രക്രിയ നടത്തുന്നതിനായി രോഗിയില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന കേസില്‍ വനിതാ ഡോക്ടര്‍ക്ക് രണ്ടു വര്‍ഷം തടവും 10000 രൂപ പിഴയും വിധിച്ച കോഴിക്കോട് വിജിലന്‍സ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി ഡോക്ടറെ വെറുതെ വിട്ടു.
വിജിലന്‍സ് കോടതി വിധി ചോദ്യം ചെയ്തു കേസിലെ പ്രതിയായിരുന്ന ഡോക്ടര്‍, അഡ്വ. കെ.എ. ജലീല്‍ മുഖേന സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ വിധി.
കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ ശസ്ത്രകിയയ്ക്കുവേണ്ടി വന്ന കോഴിക്കോട് സ്വദേശിനി ആമിന ബീവിയില്‍നിന്ന് 1000 രൂപ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. രമ കൈക്കൂലിയായി വാങ്ങിയെന്നായിരുന്നു പ്രോസിക്യൂഷന് കേസ്. 2007 ഒക്ടോബര്‍ 31നായിരുന്നു കേസിനാസ്പദമായ സംഭവം.
കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പിയെ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് നിര്‍ദേശാനുസരണം കൈക്കൂലി കൊടുക്കുമ്പോള്‍ കെണിയൊരുക്കി പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന് കേസ്.
Kerala
വൈപ്പിൻ: സംസ്ഥാനത്തെ തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട ദ്വീപ് മാനേജ്മെന്റ് പ്ലാൻ (ഐഐഎംപി) തയാറാക്കുന്നതിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ എല്ലാ എതിർകക്ഷികൾക്കും ഹൈക്കോടതി നിർദേശം നൽകി.
ചീഫ് ജസ്റ്റീസ് സൗമെൻ സെൻ, ജസ്റ്റീസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
2019ലെ സിആർസെഡ് വിജ്ഞാപനപ്രകാരമുള്ള തീരദേശ പരിപാലന പ്ലാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചിട്ടുണ്ടെന്നും ഐഐഎംപി തയാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
Kerala
കല്‍പ്പറ്റ: ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ 2003-ല്‍ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ വനത്തില്‍ നടന്ന ഭൂസമരവുമായി ബന്ധപ്പെട്ട് സി.കെ. ജാനുവിനെ ഒന്നാം പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. കല്‍പ്പറ്റ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ച സിസി 231/2014 നമ്പര്‍ കേസിന്റെ വിചാരണയ്ക്കാണ് സ്റ്റേ. ഗൂഢാലോചനക്കുറ്റത്തിനുള്ള ഈ കേസില്‍ ജാനു ഉള്‍പ്പെടെ 74 പ്രതികളാണ്. ഇതില്‍ 21 പേര് ഇതിനകം മരിച്ചു.
മുത്തങ്ങ വനത്തില്‍നിന്നു കുടിയൊഴിപ്പിച്ച ആദിവാസികളുടെ പുനരധിവാസത്തിനും കേസുകളുടെ നടത്തിപ്പിനും രൂപീകരിച്ച സമിതിക്കുവേണ്ടി ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സ്റ്റേ.
കേസില്‍ രണ്ടുപേര്‍ ഒഴികെയുള്ളവരുടെ പേരില്‍ കൃത്യമായ കുറ്റങ്ങള്‍ ചാര്‍ത്തിയിട്ടില്ല, ജാനുവിനെതിരേ ഗൂഢാലോചനയ്ക്ക് തെളിവുകള്‍ ഹാജരാക്കിയിട്ടില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഗീതാനന്ദന്റെ ഹര്‍ജി. കൊച്ചി നിയമ കേന്ദ്രത്തിലെ അഡ്വ. കെ.എസ്. മധുസൂദനനാണ് ഹര്‍ജിക്കാരനുവേണ്ടി ഹാജരായത്.
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് ആറ് എഫ്ഐആറാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇവ മൂന്ന് കേസുകളാക്കിയാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. ഇപ്പോള്‍ ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്തത് ഒഴികെ രണ്ട് കേസുകളില്‍ ഗീതാനനന്ദനാണ് ഒന്നാം പ്രതി.
2003 ഫെബ്രുവരി 19ന് പോലീസുകാരന് കെ. വിനോദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സിസി 230/2014 നമ്പര്‍ കേസാണ് ഇതിലൊന്ന്. കല്‍പ്പറ്റ സെഷന്‍സ് കോടതിയില്‍ വിചാരണ അവസാനിക്കാറായ കേസില്‍ ജി. അശോകന് ഉള്‍പ്പെടെ 25 പ്രതികള്‍ ഇതിനകം മരിച്ചു.
2003 ഫെബ്രുവരി 17ന് മുത്തങ്ങ വനത്തിലുണ്ടായ തീപിടിത്തവും വനം ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ എറണാകുളം സിജെഎം കോടതിയില്‍ തുടരുകയാണ്. വെടിവയ്പ്പില്‍ ആദിവാസി ചെമ്മാട് ജോഗി കൊല്ലപ്പെട്ട കേസില്‍ അസാധാരണ സാഹചര്യത്തിലുള്ള മരണമായി മാത്രമാണ് എഫ്ഐആര്‍ നിലനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നിട്ടില്ല.
കൊച്ചി സിബിഐ കോടതിയില്‍ നടന്നിരുന്നതില്‍ രണ്ടുകേസുകള്‍ ആദിവാസി ഗോത്രമഹാസഭ 2015 സെപ്റ്റംബര്‍ 26ന് നല്കിയ അപേക്ഷയിലാണ് 2016ല്‍ വയനാട്ടിലേക്ക് മാറ്റിയത്. കേസുകള്‍ മാറ്റുന്നതിന് രജിസ്ട്രാര്‍ മുഖേനയാണ് ആദിവാസി ഗത്രമഹാസഭ ഹൈക്കോടതി ചീഫ് ജസ്റ്റീസിനു അപേക്ഷ നല്‍കിയത്.
കൊച്ചിയില്‍ വിചാരണയ്ക്ക് ഹാജരാകുന്നതില്‍ ആദിവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് കേസുകള്‍ വയനാട് സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിന് ഹൈക്കോടതി ചീഫ് ജസ്റ്റീസിനു അപേക്ഷ നല്കാന് സിബിഐ കോടതി ഗോത്രമഹാസഭ നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിരുന്നു.
മുത്തങ്ങ വനത്തില്‍നിന്നു കുടിയിറക്കിയതില്‍ നിരവധി ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭിക്കാനുണ്ട്. സ്ഥലം അനുവദിച്ചതില്‍ കുറെ പേര്‍ക്ക് ഭൂമിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 15 കുടുംബങ്ങള്‍ മരിയനാട് സമരഭൂമിയിലുണ്ട്. ഇവര്‍ക്ക് ഒരേക്കര്‍ വീതം ഭൂമി നല്കാന് ഹൈക്കോടതി നേരത്തേ ഉത്തരവായിരുന്നു.
Kerala
കൊച്ചി: പിഎംഎല്‍എ കേസ് ഒതുക്കാന്‍ ഇഡി ഉദ്യോഗസ്ഥന് കോഴ ആവശ്യപ്പെട്ടെന്ന കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇഡി കേസില്‍ പ്രതിയായ അനീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചു.
ടാന്‍സാനിയയില്‍നിന്നു കുറഞ്ഞ വിലയ്ക്ക് കശുവണ്ടി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസില്‍ പ്രതിയായ ഹര്‍ജിക്കാരനോട് രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്ന കേസിലാണ് അനീഷ് ബാബുവിന്റെ ഹര്‍ജി. ഇഡി അസി. ഡയറക്ടര്‍ ശേഖര്‍കുമാര്‍ കോഴ ആവശ്യപ്പെട്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ പരാതി.
അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഈ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. ഹര്‍ജിയില്‍ വിശദീകരണത്തിനു സിബിഐ സമയം തേടിയതിനെത്തുടര്‍ന്ന് 21ന് പരിഗണിക്കാനായി ജസ്റ്റീസ് എ. ബദറുദ്ദീന്‍ മാറ്റി.
പരാതിയില്‍ കാര്യക്ഷമമായ അന്വേഷണം നടത്തിവന്ന ആദ്യ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരനെ മാറ്റിയതോടെ അന്വേഷണം നിലച്ചെന്നാണു ഹര്‍ജിയിലെ ആരോപണം.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ. തിരുവനന്തപുരത്ത് കെ.പി. ശങ്കരദാസ് ചികിത്സയിലിരുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ് എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് വൈകുന്നേരത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല ദ്വാരപാലക ശിൽപ കേസിലും കട്ടിളപ്പടി കേസിലും 11ാം പ്രതിയാണ് ശങ്കരദാസ്.
എസ്പി ശശിധരൻ ആശുപത്രിയിൽ നേരിട്ടെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊല്ലം വിജിലൻസ് കോടതിയെ അറസ്റ്റിന്റെ വിശദാംശങ്ങൾ എസ്ഐടി അറിയിച്ചിരുന്നു. നേരത്തേ കെ.പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിൽ ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു.
ഒരാൾ കേസെടുത്ത അന്ന് മുതൽ ആശുപത്രിയിൽ പോയി കിടക്കുന്നുവെന്നായിരുന്നു ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിൽ ജസ്റ്റിസ് ബദ്റുദീൻ വിമർശിച്ചത്. അദ്ദേഹത്തിന്റെ മകൻ എസ്പി ആയതുകൊണ്ടാണോ അറസ്റ്റ് വൈകുന്നതെന്നും കോടതി ചോദിച്ചിരുന്നു.
നാളെ കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി റിമാൻഡ് റിപ്പോർട്ട് സമർപ്പിക്കും. ജഡ്ജി ആശുപത്രിയിലെത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ശങ്കരദാസിന് സ്വകാര്യ ആശുപത്രിയിൽ തുടരാൻ സാധിക്കുമോയെന്ന കാര്യത്തിൽ ഇതിനുശേഷമാകും തീരുമാനം.
Kerala
കോഴിക്കോട്: റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് പരാതി പറയാൻ പിഡബ്ല്യുഡി ചീഫ് എൻജിനീയറെ ഫോണിൽ വിളിച്ചതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാരനെ സ്ഥലം മാറ്റിയ ഉത്തരവ് താത്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി.
കെഎസ്ഇബി ലൈൻമാനായ കാരശേരി സ്വദേശി ലുക്മാനുൽ ഹക്കീം നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ലുക്മാനുൽ ഹക്കീം എൻജിനീയറെ ഫോണിൽ വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ സുഹൃത്തുക്കൾ ചിത്രീകരിച്ചിരുന്നു.
തുടർന്ന് ചിത്രീകരിച്ച ദൃശ്യങ്ങൾ സുഹൃത്തുക്കൾ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ലുക്മാനുൽ ഹക്കീമിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബിയെ സമീപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ലുക്മാനുൽ ഹക്കീമിനെ സ്ഥലം മാറ്റിയത്. സ്ഥലം മാറ്റിയത് പ്രതികാര നടപടിയാണെന്ന് ആരോപിച്ചായിരുന്നു കെഎസ്ഇബി ജീവനക്കാരന്റെ ഹർജി. ഇത് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
Kerala
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍നിന്നു കാല്‍വഴുതി വീണ് തൃക്കാക്കര എംഎല്‍എ ഉമാ തോമസിനു പരിക്കേറ്റതുമായി ബന്ധപ്പെട്ട കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
പ്രതികള്‍ക്കെതിരേ പോലീസ് ചുമത്തിയ ബിഎന്‍എസ് സെക്ഷന്‍ 110 പ്രകാരമുള്ള കുറ്റകരമായ നരഹത്യ എന്ന വകുപ്പ് നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടി മൂന്നാം പ്രതി ഓസ്കര് ഇവന്റ് മാനേജ്മെന്റ് ഉടമ ജനീഷിന്റെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
സര്‍ക്കാരിനോടും ജിസിഡിഎയോടും കോടതി വിശദീകരണം തേടി. പാലാരിവട്ടം പോലീസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കുറ്റകരമായ നരഹത്യയാണു പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റു ചികിത്സയിലായിരുന്ന തനിക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ഉമ തോമസ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കെയാണു കോടതി ഇടപെടല്‍.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നാലെ ആടിയ നെയ്യ് വിൽപനയിലും ഗുരുതര ക്രമക്കേട് കണ്ടെത്തി. ആടിയ നെയ്യ് വിൽപനയിലെ ക്രമക്കേടിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ കോടതി ഞെട്ടൽ രേഖപ്പെടുത്തി.
13,679 പാക്കറ്റ് നെയ്യ് വിൽപന നടത്തിയ വകയിൽ ലഭിച്ച പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. നെയ്യ് വിൽപനയിൽ 13 ലക്ഷത്തോളം രൂപയുടെ ക്രമക്കേടുണ്ടായതായാണ് കണ്ടെത്തൽ.
സംഭവത്തിൽ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. വിജിലൻസ് മേധാവിക്കാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.
അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിക്ക് മാത്രം സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.
സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. അന്വേഷണ റിപ്പോർട്ട് നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കാനും കോടതി അറിയിച്ചു.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ തുടരുന്ന പ്രതി പങ്കജ് ഭണ്ഡാരി എസ്ഐടിക്കെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് നിയമ വിരുദ്ധമാണെന്നാരോപിച്ചായിരുന്നു കേസിൽ 12ാം പ്രതിയായ പങ്കജ് ഭണ്ഡാരിയുടെ ഹർജി.
എസ്ഐടിയുടെ നടപടിക്രമങ്ങൾ നിയമ വിരുദ്ധമാണെന്നും അറസ്റ്റ് ചെയ്തത് മതിയായ കാരണങ്ങള്‍ അറിയിക്കാതെയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി എസ്ഐടിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നല്‍കാനാണ് ഹൈക്കോടതി നിർദേശം. ഹര്‍ജി അടുത്ത ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. അതേസമയം തന്ത്രി കണ്ഠര് രാജീവരെ ദ്വാരപാലക ശിൽപ കേസിലും അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് കോടതിയുടെ അനുമതി ലഭിച്ചു.
തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്ന റിപ്പോർട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകി. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഡാലോചനയിൽ പങ്കാളിയായെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ജയിലിലെത്തി അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തും.